Saturday 16 November 2013

കല്ല്യാണ ഓര്‍മ്മകളിലെ പൈനാപ്പിള്‍ പച്ചടി..!!




പാലടയും പൈനാപ്പിള്‍ പച്ചടിയും  പണ്ടും ഇന്നും എനിക്കിഷ്ട്ടപ്പെട്ട വിഭവങ്ങള്‍ ആണ്.. ഏതെങ്കിലും സദ്യക്ക് പോയിട്ട്  ഇതിലേതെങ്കിലും  കിട്ടിയില്ലെങ്കില്‍ ഞാന്‍ വല്ലാതെ വയലന്റ് ആവും.. പിന്നെ സയലന്റ്റ്‌ ആക്കാന്‍  വളരെ പ്രയാസപ്പെടേണ്ടി വരും..








ഒരു പാലട /പൈനാപ്പിള്‍ പച്ചടി ഓര്‍മ്മകള്‍  എന്‍റെ കല്യാണസംഭവത്തില്‍ നിന്ന് തന്നെ ആവട്ടെ ല്ലേ..

എന്‍റെ കല്യാണത്തിന് മൂന്നു നാല് ദിവസങ്ങള്‍ മാത്രം ബാക്കി.. ഏപ്രില്‍ ഏഴിനായിരുന്നു വിവാഹം.. വീട്ടില്‍ നല്ല തിരക്ക്.. അമ്മയും അച്ഛനുമൊക്കെ ഓരോ കാര്യങ്ങള്‍ക്കായി  ഓടി നടക്കുന്നു.. വീട്ടിലെ കാര്യങ്ങളൊക്കെ ഞാന്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്നു.  വീട് വൈറ്റ് വാഷ്‌ ചെയ്യുന്നവരും, പന്തല്‍ പണിക്കാരും, ടീ പാര്‍ട്ടിക്ക് വേണ്ട ലഡ്ഡുവും മിക്സ്ച്ചരും മൈസൂര്‍ പാവും ഉണ്ടാക്കുന്നവരുടെ തിരക്കും.. ഇവര്‍ക്കൊക്കെയുള്ള ആഹാരം പാകം ചെയ്തു കൊടുക്കണം..




ഇതിനിടക്ക്‌  കല്യാണത്തിന്  ക്ഷണിച്ചവരുടെ കുശലാന്വേഷണങ്ങള്‍ക്കായുള്ള വരവ്.. (അങ്ങിനെയൊരു ചടങ്ങ് നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു.).. അവരെ സ്വീകരിക്കണം.. കല്യാണപുടവയും ആഭരണങ്ങളും കാണിചു കൊടുക്കണം.  അവര് പോയാല്‍  അടുത്ത ടീമിന്‍റെ വരവ്. ഇതിനിടക്ക്‌ ഇവരുടെ കൂടെ വരുന്ന കുട്ടിപ്പട്ടാളങ്ങളുടെ കൂടെയും വേണം ഒരു കണ്ണ്.. അല്ലെങ്കില്‍ കൈയ്യില്‍ കിട്ടിയത് അടിച്ചു മാറ്റും.  പത്തു കണ്ണും പത്തു കൈയും ഉണ്ടായാലും മതിയാവാത്ത  അവസ്ഥ.

ഈ തിരക്കുകല്‍ക്കിടയിലാണ് അച്ഛന്‍റെ ജോലി സ്ഥലത്ത് നിന്നും ഘട്ടം ഘട്ടമായി കുറെ അണ്ണാച്ചിപ്പടകള്‍ എത്തുന്നത്‌.. പിന്നെ അവരുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളും നോക്കണം..

പാപ്പാ..  ഇങ്കെ കൊഞ്ചം കൂടി സാമ്പാറ് കൊടുമ്മ

അടുത്തയാള്.. "ഇഡ്ഡലി സാപ്പിടറതുകക്  വെങ്കായ  തുവയല്‍ ഇറുക്കാ '?

വേറൊരു അണ്ണാച്ചി ഭാര്യക്ക് വക്കാലത്തു മായി " പാപ്പാ   എന്‍ പോണ്ടാട്ടിക്ക് പാലില് ഹോര്‍ലിക്സ് പോട്ട് കുടിച്ചാ താന്‍ തൂക്കം വരും..  അവ  തൂങ്കലെ ന്നാ  എനക്കും തൂങ്ക മുടിയാത്..  കൊഞ്ചം തയ്യാര്‍ പണ്ണി കൊടുത്തിരപ്പ."



വേറൊരു തമിഴന്‍.." സാപ്പാട്ടുക്ക് അപ്രം വെത്തല പോടണം.. റോജ പാക്ക് ഇറുക്ക?"

അണ്ണാച്ചിമാര് ഇറുക്കി ഇറുക്കി എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി.. എന്ത് ചെയ്യാന്‍ അതിഥി ദേവോ   ഭവ:  എന്നല്ലേ   പ്രമാണം.. നേരെ ചൊവ്വേ  വയര് നിറച്ചു ഭക്ഷണം കഴിക്കാന്‍ കൂടി കഴിഞ്ഞില്ല ആ ദിവസങ്ങളില്‍.

ഏപ്രില്‍ ഏഴ്.. ബന്ധുമിത്രാദികള്‍ എല്ലാം നേരത്തെ എത്തി നേരെ അടുക്കളയിലേക്കു പോയി ഉപ്പുമാവും പഴവും കഴിച്ചു സംതൃപ്തരായി ഏമ്പക്കം വിട്ടു.  കൃത്യ സമയത്ത് തന്നെ വധുവിനെയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പല കാറുകളിലായി  തിരുവില്വാമല വില്വാദ്രിനാഥ തിരുസന്നിധിയിലേക്ക്  തിരിച്ചു.. നിശ്ചയിച്ച ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ ബന്ധുമിത്രാദികളുടെ അനുഗ്രഹാശിസ്സുകളോടെ പത്മശ്രീ നായര്‍ രവീന്ദ്രന്‍ നായരുടെ ഭാര്യയായി.

അടുത്ത കലാപരിപാടി കല്യാണ സദ്യ..



 "കല്യാണപ്പെണ്ണിനു എന്തൊരാക്രാന്തം" എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കില്ലെന്നും  കുറച്ചു എക്സ്ട്ര ഡീസന്റ് ആകണമെന്നും ഞാന്‍ നേരത്തെ  തീരുമാനിച്ചിരുന്നു..  ഇലയില്‍ വിളമ്പിയ സദ്യവട്ടങ്ങളിലൂടെ കണ്ണുകള്‍ കൊണ്ടൊരു ഓട്ടപ്രദക്ഷിണം നടത്തി..  പെട്ടെന്നെന്റെ കണ്ണുകള്‍ ഓട്ടം നിര്‍ത്തി.. ദാണ്ടെ ഇരിക്കുന്നു  എന്റെ ഫേവറിറ്റ്  പൈനാപ്പിള്‍  പച്ചടി.. !!! ഡീസന്റ് ആവാനുള്ള തീരുമാനമോക്കെ ഫൂ ന്നു ഊതി  കാറ്റില്‍ പറത്തി  ഒറ്റയടിക്ക്‌ പച്ചടി  വാരി അകത്താക്കി.. ചോറില്‍ വിരലുകൊണ്ട് വെറുതെ ഞെരടി കൊണ്ടിരിക്കുമ്പോ  ദാ വീണ്ടും വരണു  കാവി മുണ്ടുടുത്ത ചെറുപ്പക്കാരനായ പച്ചടി വിളമ്പുകാരന്‍.. എന്‍റെ അടുത്തെത്തിയപ്പോള്‍  ആരും കാണാതെ കക്ഷിയുടെ മുഖത്തേക്ക് നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു.. പുള്ളിക്ക് സംഗതി പിടി കിട്ടി.. എന്‍റെ ഇലയിലേക്ക് വീണ്ടും പച്ചടി വന്നു..  കാവിമുണ്ടുകാരന്‍ ഒന്ന് കറങ്ങി തിരിഞ്ഞു വീണ്ടും വന്നു..  കണ്ണിറുക്കലും പച്ചടി വിളമ്പും മൂന്നാല് വട്ടം ആവര്‍ത്തിച്ചപ്പോള്‍  അപ്പുറമിപ്പുറം ഇരുന്നുണ്ണുന്നവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പുതുകണവന്‍ ഇതൊന്നും അറിയാതെ പാലട  കേറ്റുന്നു..  പൈനാപ്പിള്‍ പച്ചടിയില്‍  സ്ഥലകാലബോധം നഷ്ട്ടപ്പെട്ട  വധു   പാലട വിളമ്പി പോയതൊന്നും അറിഞ്ഞില്ല..  അറിഞ്ഞപ്പോഴേക്കും ഓരോരുത്തരായി എഴുന്നേറ്റു പോയി തുടങ്ങി.. പാലട കിട്ടാത്ത സങ്കടത്തില്‍ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു കൈ കഴുകാനായി പുറത്തെത്തിയപ്പോള്‍ കണ്ടതോ.. ദാണ്ടെ  കല്യാണ ചെക്കന്‍  ദേഹണ്ണക്കാരെ സോപ്പിട്ട് പിന്നേം പാലട വാങ്ങി കുടിക്കുന്നു..  വേണോന്നൊരു ഭംഗിക്ക് പോലും ചോദിച്ചില്ല..

എല്ലാം കഴിഞ്ഞു.. അതിഥികള്‍ ഓരോരുത്തരായി  പിരിഞ്ഞു പോയി..  രാത്രിയായി.. ഭക്ഷണം കഴിച്ചു.. ക്ഷീണം കൊണ്ട് ഇടനാഴിയില്‍ ഒരു മൂലയ്ക്ക് ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന എന്നെ അമ്മായിയുടെ കൈകള്‍ ശക്തിയായി പിടിച്ചു കുലുക്കിയിട്ട്  ഒരു കള്ളച്ചിരിയോടെ പറഞ്ഞു..

 " എണീക്ക്  ഈ പാലും കൊണ്ട് റൂമിലേക്ക്‌ പൊയ്ക്കോ".

ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി പാല് ഗ്ലാസ്സുമായി വലതു കാലു വെച്ച് മണിയറയിലേക്ക്   കയറിയപ്പോള്‍ പിന്നില്‍ വാതില് അടയുന്ന ശബ്ദം കേട്ടു.. മീനമാസത്തിലെ കൊടും ചൂട്..വൈദ്യുതിയും അന്ന് പണിമുടക്കില്‍..!! ജനലുകളും വാതിലുകളും അടച്ചിട്ട മുറിയില്‍ ഇരുന്നു ഉഷ്ണിച്ചു വിയര്‍ത്തോഴുകുകയായിരുന്നു.   വിറയാര്‍ന്ന പാദങ്ങളോടെ കട്ടിലിന്നരികിലേക്ക് നടന്നു ചെന്ന് നാണത്തോടെ പാല്‍ നിറച്ച ഗ്ലാസ്‌  ഭര്‍ത്താവിനു നേരെ നീട്ടി.  വാങ്ങി ഒറ്റ വലിക്ക് കുടിക്കാന്‍ തുടങ്ങി.. പകുതിയിലധികം കുടിച്ചു തീര്‍ത്തിട്ട് എന്‍റെ നേര്‍ക്ക്‌ നീട്ടി..  ദാ കുടിച്ചോളൂ..  ഒരു ഫോര്മാലിട്ടിക്ക് ഞാന്‍ പറഞ്ഞു  " വേണ്ട".. കേള്‍ക്കേണ്ട താമസം  ബാക്കിയുള്ളതും   കക്ഷി അകത്താക്കി..

ഞാനന്തം വിട്ടു ആലോചിച്ചു പോയി.. ഉച്ചക്ക് പാലട.. ഇപ്പൊ ദേ  പാല്.. ഹീശ്വരാ  ഇങ്ങേര്‍ക്ക് ആരെങ്കിലും   പാലിലും പാലടയിലും  കൈവിഷം കൊടുത്തിട്ടുണ്ടാവ്വോ ...

മണിയറ ദീപം അണഞ്ഞു.. !!!  പ്ലിംഗ്.. ഇന്റര്‍വെല്‍നു ശേഷമുള്ള  ഭാഗങ്ങള്‍ 'നിറം മാറി'  എന്നു പറഞ്ഞു സെന്‍സര്‍ബോര്‍ഡ്  കത്തി വെച്ചു.. !!!!!!! സോറി ട്ടോ..

വല്ലപ്പോഴും  ഇക്കാര്യങ്ങള്‍ പറഞ്ഞു ചിരിക്കുന്നതിനിടക്ക്  ആദ്യരാത്രിയില്‍  ഭര്‍ത്താവ് കുടിച്ച പാലിന്‍റെ പകുതി തരാത്തതില്‍ ഉള്ള ഖേദം പറയുമ്പോള്‍   എനിക്ക് കിട്ടുന്ന  മറുപടി ഇതാണ്..

"കഴിഞ്ഞതൊക്കെ കഴിഞ്ഞു..കാലമിത്രയോക്കെ ആയില്ലേ..  ഇനീപ്പോ അതൊന്നും ഒരു ഇശ്യൂ ആക്കണ്ട.."

പ്ലിംഗ്.. പ്ലിംഗ്..


-പദ്മശ്രീ നായര്‍-




Sunday 10 November 2013

വിഗ്ഗിന്റെ കഥ..

മുടികൊഴിച്ചില്‍.. അതിരൂക്ഷമായ  മുടി കൊഴിച്ചില്‍ .. നീളവും അതിനൊത്ത വണ്ണവും അത്യാവശ്യം ഈരും പേനും ഒക്കെ ഉള്ള ഇടതൂര്‍ന്ന, പിടിച്ചാല്‍ പിടിയില്‍ ഒതുങ്ങാത്തത്ര മുടി ഉണ്ടായിരുന്നതാണ്.. എല്ലാമേ പോച്ച്.. എലിവാല് പോലുള്ള മുടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ സഹിക്കണില്ല്യാ..

"ചന്തി മറഞ്ഞു കിടക്കുന്ന നിന്‍റെ തലമുടി കണ്ടിട്ടാ അല്ലാതെ ഈ ചളുങ്ങിയ മോന്ത കണ്ടിട്ടോന്നുമല്ല നിന്നെ കെട്ട്യെ" ന്നു  മിസ്റ്റര്‍ നായര്‍ മധുവിധു  നാളുകളിലും ഇപ്പോഴും  ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്താറുണ്ട്..  അവധിക്കു വരുമ്പോള്‍  വീടിനുള്ളിലെ  എന്‍റെ കൊഴിഞ്ഞു വീണ മുടി പെറുക്കലാണ് പ്രധാന പണി.

'ഭക്ഷണത്തീന്നെങ്ങാനും മുടി കിട്ട്യാ  അന്നു നിന്നെ ഡിവോര്‍സ് ചെയ്യും' എന്നൊരു ഭീഷണി നില നില്‍ക്കുന്നതിനാല്‍  എക്സ്ട്രാ ലാര്‍ജ്‌ ദാമ്പത്യം  ലക്‌ഷ്യം വെച്ച്  എല്ലാ തിങ്കളാഴ്ചയും കുളിച്ചു  (ബാക്കിയുള്ള ദിവസങ്ങളില്‍ കുളിക്കാറില്ലേ  എന്ന കുനിഷ്ടു ചോദ്യം ചോദിക്കരുത്) മൂന്നു നേരം മൃഷ്ട്ടാന്നമായി ഭക്ഷണം കഴിച്ചു തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നു..

തീരെ സഹികെടുമ്പോള്‍ ചിലപ്പോള്‍ തോന്നും മൊട്ടയടിച്ചു   ഒരു വിഗ്ഗ് വെച്ചാലോന്നു..  ങാ.. വിഗ്ഗിന്റെ കാര്യം പറഞ്ഞപ്പഴാ  സ്കൂളില്‍ പഠിക്കുന്ന കാലത്തുണ്ടായ ഒരു സംഭവം ഓര്‍ക്കുന്നത്..  ഹൈസ്കൂളില്‍ കണക്ക് പഠിപ്പിക്കുന്ന, ലേശം  കോങ്കണ്ണുള്ള , പാലാക്കാരന്‍ നമ്പൂരി മാഷ്‌..  ആണ്‍കുട്ടികളെ കക്ഷത്തിലും തുടയിലും ഒരഞ്ചാറ് വട്ടം പിച്ചിത്തിരുമ്മി ആ പ്രദേശത്തെ ഇത്തിരി ദശ കൂടി നുള്ളിയെടുത്ത്  പിള്ളേരുടെ കണ്ണീന്നു പൊന്നീച്ച പറപ്പിച്ചും, പെണ്‍കുട്ടികളെ  ബോര്‍ഡില്‍ എഴുതുന്ന ചോക്കു കഷ്ണം കൊണ്ട് തലക്കിട്ടു കുത്തിയും മാഷ്‌ തന്‍റെ തനതായ ശൈലിയില്‍ ശിക്ഷാ വിധികള്‍ രൂപപ്പെടുത്തി എടുത്തത്‌..

ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്നും അവധിയെടുത്ത് നമ്പൂരി മാഷ്‌ പത്നീസമേതനായി പാലായ്ക്ക് പോവും.. റബ്ബര്‍ തോട്ടത്തില്‍ പാലെടുത്ത കണക്ക് നോക്കാനും തേങ്ങ ഇടീക്കാനും ഒക്കെയാണ് പോവുന്നതെന്നു പൊതുജന സംസാരം.. എട്ടോ പത്തോ ദിവസം കഴിഞ്ഞേ തിരിച്ചെത്തൂ.  ഇടക്കിടക്കുള്ള ഈ പാലാ യാത്രയുടെ അനന്തരഫലം അനുഭവിക്കുന്നതോ ഞങ്ങള് പാവം പിള്ളേരും..  പരീക്ഷക്ക്‌ മുമ്പേ പോര്‍ഷന്‍ തീരാതായാല്‍  ശനിയും ഞായറും സ്പെഷ്യല്‍ ക്ലാസ്സ്‌ വെക്കും.. സ്വാതന്ത്ര്യമായിട്ടു ഇത്തിരി കളിക്കാനും  ഗുസ്തി പിടിക്കാനും ഒക്കെ കിട്ടുന്ന ആകെ രണ്ടു ദിവസങ്ങളാണ്.. അതീ പാലാക്കാരന്‍ മാഷ്‌ സ്പെഷ്യല്‍ ക്ലാസ്സിലൂടെ കുളമാക്കും..

A, B, C, D  എന്നീ നാല് ഡിവിഷനിലും കണക്ക് പഠിപ്പിച്ചിരുന്നത് ഈ നമ്പൂരി മാഷ്‌ തന്നെ.. അതിനാല്‍ ഈ നാല് ഡിവിഷനെയും കംബൈന്‍ ചെയ്തു, ക്ലാസ്‌ മുറിയില്‍ ഒതുക്കാന്‍ പറ്റാത്തത് കൊണ്ടും സ്കൂളിന്‍റെ പിന്‍വശത്തുള്ള പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവിന്‍ ചോട്ടിലെ തണലില്‍ വെച്ചാണ്  സ്പെഷ്യല്‍ ക്ലാസ്സെന്ന മാമാങ്കം  അരങ്ങേറാറുള്ളത്.

ബി ഡിവിഷനില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.. വെളുത്തു മെലിഞ്ഞു ഉയരം കൂടിയ, മിഡിയും ടോപ്പും ഒക്കെ ഇട്ടു വരുന്ന സേതുലക്ഷ്മി..  ആ കുട്ടി വിഗ്ഗ് വെച്ചിരുന്നു. കുറച്ചു പേര്‍ക്ക് മാത്രമേ ആ വിവരം അറിയാവൂ..





അങ്ങിനെ ഒരു സ്പെഷ്യല്‍ ക്ലാസ്സ്‌ ദിവസം.. (a+b)2 - (a-b)2 പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം. നമ്പൂരി മാഷിന്‍റെ കണ്ണുകള്‍ എവിടൊക്കെയോ അലഞ്ഞുതിരിയുന്നുണ്ടായിരുന്നു..  ഒടുവില്‍ മാഷിന്‍റെ നോട്ടം എന്നില്‍ തറച്ചു.. ഹീശ്വരാ..  എന്‍റെ നെഞ്ചിടിപ്പിനു സ്പീഡ്‌ കൂടി. കാരണം കണക്കില്‍ ഞാന്‍ അന്നും കണക്കായിരുന്നു.. ചെറിയ ക്ലാസ്സില്‍ സരസ്വതി ടീച്ചറുടെ തല്ലു കൊണ്ടിട്ടൊന്നും ഒരു ഗുണവും ഉണ്ടായിരുന്നില്ല..   മാഷിന്‍റെ നോട്ടം എത്തി നിന്നത് എന്നിലാണെങ്കിലും   കൈയ്യുയര്‍ത്തി വിളിച്ചത് സേതുലക്ഷ്മിയെയായിരുന്നു.. മാഷിനു കോങ്കണ്ണ് ഉണ്ടായത് എന്‍റെ ഭാഗ്യം..

"സേതു ലക്ഷ്മീ   ഇവിടെ വരൂ"..

മറ്റേതോ സ്വപ്നലോകത്തില്‍ ആയിരുന്ന പാവം സേതുലക്ഷ്മി മാഷ്‌ വിളിച്ചത് കേട്ടില്ല.  മുന്നിലിരുന്ന ഞാന്‍ ഒന്ന് തിരിഞ്ഞു അവളെ തോണ്ടി ഉണര്‍ത്തി.  , വായിലിട്ടു ചവച്ചു കൊണ്ടിരിക്കുന്ന ബബിള്‍ഗം തോണ്ടിയെടുത്ത് പെന്‍സില്‍ ബോക്സില്‍ നിക്ഷേപിച്ച ശേഷം  മിഡിയും ടോപ്പും ഒന്നൂടി വലിച്ചു നേരെയാക്കി മാഷിന്‍റെ മുന്നില്‍ ചെന്ന് വിനീതയായി  നിന്നു..

"കുട്ടി അവിടെ എന്തെടുക്ക്വാ.. ഇവിടെ പറയുന്നത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ? "

ഉണ്ട് സര്‍..

"ഉവ്വോ.. ന്നാ പറയൂ.. റൂട്ടിന്റെ  വിലയെന്താ?  "

റബ്ബര്‍ ഷീറ്റിന്റെ വിലനിലവാരം ചോദിക്കുന്ന ലാഘവത്തോടെയുള്ള മാഷിന്‍റെ ചോദ്യം കേട്ട്, ആരോറൂട്ടിന്റെ വിലയെന്താണെന്നു പോലും അറിയാത്ത  സീതാലക്ഷ്മി പരുങ്ങി..  ഒപ്പം ഞാനടക്കമുള്ള കണക്കില്‍ കണക്കായ എല്ലാ കുട്ടികളും തമ്മില്‍ തമ്മില്‍ നോക്കാന്‍ തുടങ്ങി..

വിക്കി വിക്കി സേതു ലക്ഷ്മി പറഞ്ഞൊപ്പിച്ചു..  "അറിയില്ല സര്‍ "

സേതുലക്ഷ്മിയുടെ മറുപടി കേട്ടതോടെ മാഷിനു ദേഷ്യം കൊണ്ട്  മൂക്ക് ചുവന്നു ..

" അല്ലാ.. എനിക്ക് നേര്‍ച്ചയൊന്നുമില്ല.. ശനിയും ഞായറും എനിക്ക് വീട്ടില്‍ പണിയില്ലാഞ്ഞിട്ടല്ല ഞാനീ പണിക്ക് വന്നത്.. വല്ലോം രണ്ടക്ഷരം പഠിച്ചു നന്നായിക്കൊട്ടെന്നു വിചാരിച്ചാ  ഞാനീ വായിട്ടലക്കുന്നത്. നിങ്ങള് പഠിച്ചാലും ഇല്ലെങ്കിലും എനിക്ക് ശമ്പളം കിട്ടും..  മെനക്കെടുത്താനായി വന്നോളും  ഓരോന്ന്.. പോയിരിക്കവിടെ.."

ഇത്രേം പറഞ്ഞു സേതുലക്ഷ്മിയുടെ  തലയില്‍, മാഷ്‌ തന്റെ കൈയ്യിലിരുന്ന ചോക്ക് കഷ്ണം  കൊണ്ട്  ശക്തിയായി  ഒരു കുത്ത് കുത്തി..

വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍
സേതുലക്ഷ്മിതന്‍ സുന്ദരമായ വിഗ്ഗ് അയ്യോ ശിവ.. ശിവ..!!!

നമ്പൂരി മാഷിന്‍റെ ചോക്ക് പ്രയോഗത്തില്‍ സേതുലക്ഷ്മിയുടെ വിഗ്ഗൂരി വീണു..  ഇത് കണ്ട കുട്ടികള്‍ ഓരോരുത്തരായി അടക്കി ചിരിച്ചു ക്രമേണ അതൊരു കൂട്ടച്ചിരിയായി മാറി..  വിഷണ്ണയായി നില്‍ക്കുന്ന സേതുലക്ഷ്മിയുടെ നിറ കണ്ണുകള്‍ ആരും കണ്ടില്ല..  മാവിന്‍ ചോട്ടില്‍  ചിരിയുടെ നീളം കൂടിയതോടെ  മാഷ്‌ മേശപ്പുറത്തു രണ്ടു മൂന്നിടി ഇടിച്ചു  ഉച്ചത്തില്‍ പറഞ്ഞു..

"സൈലന്‍സ്.. സൈലന്‍സ് "

പൊടുന്നനെ  മാവിന്ചോട്ടിലെ കൂട്ടച്ചിരി നിന്നു.  മണ്ണില്‍ വീണു കിടക്കുന്ന വിഗ്ഗെടുത്തു   അതില്‍ പറ്റിപ്പിടിച്ച പൊടി തട്ടി വീണ്ടും തലയില്‍ ഫിറ്റ് ചെയ്ത ശേഷം  സീതാലക്ഷ്മി  തന്‍റെ  ഇരിപ്പിടത്തിലേക്ക് പതിയെ നടന്നകലുമ്പോള്‍  ഞാന്‍ ആലോചിച്ചു പോയി.. ഈ നിമിഷം ഇവളനുഭവിച്ച നാണക്കേടിനും സങ്കടത്തിനും  എത്ര റൂട്ടിന്റെ  വിലയുണ്ടാവും?

ഈ സംഭവത്തോടെ പാലാക്കാരന്‍ റബ്ബറു മുതലാളി നമ്പൂരി മാഷ്‌ പെണ്‍കുട്ടികളെ   ചോക്ക് കൊണ്ട് മണ്ടക്ക് കുത്തുന്ന പ്രയോഗം നിര്‍ത്തി.. പകരം ചോക്ക് കഷ്ണം  കൊണ്ട് ഏറു തുടങ്ങി.. ആദ്യമൊക്കെ ഉന്നം പിഴച്ചെങ്കിലും  ക്രമേണ  ഏറു കൊള്ളേണ്ടയാള്‍ക്ക് കൊള്ളേണ്ടിടത്തോക്കെ കൃത്യമായി കൊണ്ടിട്ടുണ്ട്..

വിഗ്ഗ് കഥ ഇവിടെ പൂര്‍ണ്ണമാവുന്നു എങ്കിലും എന്റെ മുടികൊഴിച്ചിലും മൊട്ടയടിക്കണോ വിഗ്ഗ് വെക്കണോ എന്ന വികാര വിചാരങ്ങള്‍ക്ക് ഒരു തീരുമാനവുമാവാതെ  തുടരുന്നു..  :)

വാല്‍ക്കഷണം: -
ഇത് 916  ബി. ഐ. എസ്. മുദ്രയുള്ള സംഭവ കഥയാണെങ്കിലും ഇതിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ യഥാര്‍ത്ഥ പേര് ഇതല്ല..  സോഷ്യല്‍ മീഡിയ എന്ന   അണ്ഡകടാഹത്തിന്‍റെ ഏതെങ്കിലും കോണിലിരുന്ന് വിഗ്ഗുകാരി ഈ കഥ കാണുകയാണെങ്കില്‍  എന്നെ ഓടിച്ചിട്ട്‌ പിടിച്ചു ബാക്കിയുള്ള എന്‍റെ എലിവാല് പോലുള്ള മുടി കൂടി പിഴുതെടുക്കും.. വെറുതെ എന്തിനാ ഓരോ വയ്യാവേലി..  ആസ്മേടെ  അസ്കിത ഉള്ളതാണെയ്.. വലിക്കാന്‍ വയ്യ..

-: പത്മശ്രീ നായര്‍ :-





Tuesday 5 November 2013

ചമ്മന്തിയും നാരായണസ്വാമിയും..



ചമ്മന്തി എനിക്ക് വല്ല്യ ഇഷ്ട്ടാണ്.  ഇപ്പോഴും  സാമ്പാറും അവിയലും ഒക്കെ കൂട്ടി ഊണ് കഴിക്കുമ്പോഴും ഇത്തിരി ചമ്മന്തി ഉണ്ടെങ്കിലെ ഊണിനു സുഖമുള്ളൂ.. ചമ്മന്തി കണ്ടാല്‍ അപ്പോള്‍ എനിക്ക് നാരായണസ്വാമിയെ ഓര്‍മ്മ വരും . എന്താണ് നാരായണസ്വാമിക്ക് ചമ്മന്തിയുമായുള്ള ബന്ധം എന്നല്ലേ.. പറയാം. അതിനു മുമ്പ് നാരായണ സ്വാമിയെ ഒന്ന് പരിചയപ്പെടൂ..

സ്കൂളില്‍ പഠിക്കുന്ന കാലത്താണ്.. ഏഴിലോ എട്ടിലോ പഠിക്കുന്ന സമയം. ഓരോ ക്ലാസിലും  രണ്ടോ മൂന്നോ വര്ഷം  പഠിച്ചു  എല്ലാ വിദ്യാര്‍ഥികളുടെ സഹപാഠി ആവുന്ന നാരായണസ്വാമി അക്കൊല്ലം എന്‍റെ ക്ലാസ്സിലുമെത്തി.. നേരത്തെ തന്നെ സ്കൂള്‍ പരിസരത്തോക്കെ കണ്ടിട്ടുണ്ടെങ്കിലും  സാമിയെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു.. മാഷ്‌ ആയിരിക്കുമെന്നാണ്  ആദ്യം കരുതിയത്‌.. ട്രൌസര്‍ ഇട്ടു നടക്കുന്ന ആണ്‍ കുട്ടികള്‍ക്കിടയില്‍   ഡബിള്‍ മുണ്ടും മുറിക്കൈയ്യന്‍ ഷര്‍ട്ടും ഇട്ടു വരുന്ന ഒരേ ഒരു വിദ്യാര്‍ഥി.. ശരപഞ്ജരത്തിലെ  ജയനെ ഓര്‍മ്മിപ്പിക്കുന്ന  ആകാര വടിവ്..  കറുത്ത നിറം. വട്ട മുഖം..   പെമ്പിള്ളേരെ കാണുമ്പോള്‍  " ദേ പിന്നാലെ പട്ടി വരണൂ, ദേ പാമ്പ്  വരണൂ  ഓടിക്കോ"   എന്നൊക്കെ പറഞ്ഞു പേടിപ്പെടുത്തി,   നാവു കടിച്ചു ഒരു കള്ളചിരിയും  പാസാക്കും, അത്യാവശ്യം  നിര്‍ദ്ദോഷമായ കമന്റുകള്‍ അടിക്കും.. 

അറ്റെന്ടന്‍സിന്‍റെ കാര്യത്തില്‍ വളരെ കൃത്യനിഷ്ഠ ഉള്ളവനെങ്കിലും രണ്ടക്ഷരം പഠിക്കുക എന്നത് നാരായണ സ്വാമിയുടെ നിഘണ്ടുവില്‍ ഇല്ല..സ്പോര്‍ട്സിലും  എന്‍. സി. സി. യിലും മാത്രമായിരുന്നു താല്പര്യം..   നാരായണ സ്വാമി കാഴ്ചക്ക് അതികായനെങ്കിലും ഇടതും വലതും നടക്കുന്ന അംഗരക്ഷകര്‍  പെന്‍സില്‍ മാര്‍ക്ക്‌ അപ്പുവും  ചട്ടുകാലന്‍ ചെന്താമാരാക്ഷനും ആണ്.. ഉച്ചക്കുള്ള ഇന്റര്‍വെല്‍ സമയത്ത് സ്കൂള്‍ വളപ്പിലുള്ള മാവ്, നെല്ലി, പുലി, പേര മരം ഇവയിലൊക്കെ ചാടിക്കേറി  പുളിയും മാങ്ങയും പേരക്കയും പറിച്ചു   പെണ്‍കുട്ടികള്‍ക്ക് ഫ്രീയായി വിതരണം ചെയ്തു  സാമി  പെണ്പിള്ളേര്‍ക്കിടയില്‍ ഹീറോ ആയി.. 

കയറു പൊട്ടി വീണ തൊട്ടിയും, ഊണ് കഴിഞ്ഞു കൈ കഴുകാനായി കിണറ്റു കരയില്‍ വെച്ച് അബദ്ധത്തില്‍ കൈ തട്ടി  കിണറ്റിലേക്ക് വീഴുന്ന ചോറ്റു പാത്രങ്ങളും, കിണറ്റിലേക്ക് ഇറങ്ങി മുങ്ങിത്തപ്പി തിരിചെല്പ്പിക്കാന്‍  നാരായണസാമി മാത്രേ ഉണ്ടായിരുന്നുള്ളൂ.. 

പ്യൂണുമാരായ   അച്യുതനോ രാമങ്കുട്ടിയോ   ലീവിലായ ദിവസങ്ങളില്‍  സ്കൂള്‍ വരാന്തയില്‍ കെട്ടിത്തൂക്കിയിട്ട കനമുള്ള ഇരുമ്പു പാളത്തില്‍ ഊക്കോടെ   സമയാസമയങ്ങളില്‍ മണിയടിക്കുന്ന ദൌത്യവും ക്ലാസ്‌ മുറികളില്‍ ഹെഡ് മാസ്റ്റര്‍ കൊടുത്തയക്കുന്ന മെമ്മോകളില്‍ അധ്യാപകരുടെ ഒപ്പു ശേഖരിച്ചു  തിരിചെല്പ്പിക്കുന്ന പണിയും ഈ സാമിയില്‍ നിക്ഷിപ്തമാണ്.. അതുകൊണ്ട് തന്നെ  പഠിച്ചില്ല എന്ന പേരില്‍  സാമിയെ ശിക്ഷയില്‍ നിന്ന് ഒഴിവാകിയിരുന്നു.. 

ജനലുകള്‍ ഇല്ലാത്ത ക്ലാസ്‌ മുറിയില്‍ മൂലക്കിട്ടിരിക്കുന്ന അവസാനത്തെ നിരയിലെ ബെഞ്ചിലായിരുന്നു  സാമിയുടെ ആസ്ഥാനം.. ഇടതും വലതും  പെന്‍സില്‍ മാര്‍ക്ക്‌ അപ്പുവും ചട്ടുകാലന്‍ ചെന്താമാരാക്ഷനും.. ജനല്‍ ഇല്ലാത്തതോണ്ട്  അത് വഴി കാക്കകള്‍ വന്നു  ചീനാന്തിയില്‍ ഇരിക്കും.. ഒരിക്കലൊരു സുന്ദരന്‍ കാക്ക  സാമിയുടെ തലയില്‍ തൂറി.. കണ്ടവര് കണ്ടവര് ചിരിച്ചു ചിരിച്ചു ക്ലാസ്സ്‌ മുറിയില്‍  കൂട്ടച്ചിരിയായി.. നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വെളുത്ത കാക്ക കാഷ്ട്ടം നോട്ടു പുസ്തകത്തിന്‍റെ ഏട് കീറി തുടക്കുന്നതിനിടയില്‍ ചമ്മിയ ചിരിയോടെ സാമിയുടെ തിരുവായില്‍ നിന്നൊരു  ഡയലോഗ്  തെറിച്ചു വീണു.. വിശ്വസിച്ചാലും ഇല്ലെങ്കിലും  "കാക്ക തൂറി" എന്ന വിശ്വ വിഖ്യാതമായ ഡയലോഗ്  അങ്ങിനെയാണ് പിറവിയെടുത്തത്.

ഇപ്പോള്‍ നാരായണ സ്വാമിയുടെ ഒരേകദേശരൂപം പിടി കിട്ടി കാണുമല്ലോ..  ഇനി ഈ അതികായന്‍ ചമ്മന്തിയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം. 
വീട്ടില്‍ നിന്നും അര മണിക്കൂര്‍ നടന്നു വേണം സ്കൂളില്‍ എത്താന്‍.. മിക്കവാറും ദിവസങ്ങളില്‍ രാവിലെ നേരത്ത് കൂട്ടാനോന്നും ഉണ്ടാവില്ല.. ഈയം പൂശിയ  പിച്ചള തൂക്കു പാത്രത്തില്‍, മോരോഴിച്ചു കുഴച്ച ചോറില്‍, പയറു കൊണ്ടാട്ടമോ,  ഉള്ളി ചമ്മന്തിയോ ഒക്കെ ആവും.. വാട്ടിയ വാഴയില ചീന്തിനു മുകളില്‍ വെച്ച  പച്ച വെളിച്ചെണ്ണയൊഴിച്ച ചമ്മന്തിക്ക് നല്ല സ്വാദാണ് ട്ടോ. തേങ്ങയുടെയും മാങ്ങയുടെയും ലഭ്യതക്കനുസരിച്ച്  ചമ്മന്തിയും മാറികൊണ്ടിരിക്കും.. പുതുമ മായാത്ത സ്റ്റീലിന്റെ  വട്ടത്തിലുള്ള ടിഫിന്‍ ബോക്സിന്‍റെ മൂടി ടീച്ചേഴ്സ് ക്വാര്‍ട്ടെഴ്സില്‍ ഉള്ള കിണറ്റില്‍ വീണു പോയതിനെ ശിക്ഷ ആയിട്ടാണ് പിന്നീട് പിച്ചള ചോറ്റുപാത്രത്തില്‍ ചോറ് കൊണ്ടുപോകേണ്ടി വന്നത്.. ക്ളാസ് റൂമിന്‍റെ ജനല്‍ തിട്ടയില്‍ വെച്ച കൂട്ടുകാരുടെ സ്റ്റീല്‍ പാത്രങ്ങളുടെ ഇടയില്‍ എന്‍റെ ഈയം പൂശിയ പിച്ചള തൂക്കുപാത്രം തെല്ല് ജാള്യതയോടെ ഇരുന്നു ചിരിക്കും..





ആദ്യത്തെ രണ്ടു പീരിയഡ്നു ശേഷം  ചെറിയൊരു ഇടവേള.. മൂത്രപ്പുരയില്‍ പോവാനും  മണിയന്നായരുടെ പീടികയില്‍ നിന്നും മഷി നിറയ്ക്കാനും നോട്ടു ബുക് വാങ്ങാനും സ്കൂള്‍ പടിക്കല്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ജമന്തി പൂവ്‌ വാങ്ങാനും കടിച്ചാല്‍ പൊട്ടാത്ത ഇടിപരിപ്പി  വാങ്ങാനും ഒക്കെയായി ഈ സമയത്ത് കുട്ടികള്‍ പുറത്തു പോവും.. ഈ  ഇടവേളകളില്‍ ആയിരിക്കണം നാരായണ സ്വാമിയും അംഗ രക്ഷകരും  ചോറ്റു പാത്രങ്ങള്‍ തുറന്നു നോക്കുന്നത്..  എന്തായാലും ഉച്ചക്ക് ഊണ് കഴിക്കാനിരുന്നാല്‍  ചമ്മന്തി ഉള്ള പാത്രങ്ങളിലോന്നും  ചമ്മന്തി കാണില്ല..  പകരം, വീരപ്പന്‍ ആന വേട്ട നടത്തി ആനക്കൊമ്പ് ഊരിയെടുത്തു, ആനയുടെ ദേഹത്ത് ഒരു അടയാളം കുറിച്ചിടുന്നതു പോലെ, ചമ്മന്തിക്ക് പകരം മനോഹരമായ ഒരു ചോറുരുള  ഉരുട്ടി വെച്ചിരിക്കും.. മിക്കവാറും  ചമ്മന്തി ആയത് കൊണ്ട് സാമിയുടെ ക്രൂരതക്ക് ഇരയാവുന്നത്  ഞാന്‍ തന്നെയാവും..  വിശപ്പ് കത്തിക്കാളുന്ന സമയം  ആയതുകൊണ്ട്  സാമിയുടെ ഉരുള പുറത്തേക്കു മാറ്റി വെച്ച്  സാമിയെ  പ്രാകി കൊണ്ട്, ബാക്കിയുള്ള മോരോഴിച്ച വെറും ചോറ്  വാരി വാരി തിന്നും.. ചിലപ്പോള്‍ കൂട്ടുകാരികളുടെ കറികളില്‍ നിന്ന്  എന്തെങ്കിലും കിട്ടും.. 

നാരായണ സാമിയാണ് ചമ്മന്തി കക്കുന്നത് എന്ന് പരസ്യമായ രഹസ്യം ആണെങ്കിലും  തൊണ്ടി സഹിതം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല ഒരിക്കലും. 

" ഡാ  നാരേണസാമീ  നീയാണ് ഇവരുടെ ചമ്മന്തി കട്ടു തിന്നെന്നു  പറയണൂ.. ശര്യാണോ" എന്ന് ചോദിച്ചാല്‍  ആണെന്നോ അല്ലെന്നോ പറയില്ല.. ചുണ്ടില്‍ വിരിയുന്ന കുസൃതി ചിരിയില്‍ ഒതുക്കും  മറുപടി.. ഒരിക്കല്‍ ഞാന്‍ സഹികെട്ടു  പരസ്യമായി  "ചമ്മന്തിക്കള്ള" ന്നു വിളിച്ചപ്പോള്‍  മറുപടി ഒരു മറു ചോദ്യം ആയിരുന്നു.. "പുള്ളേച്ചന്‍റെ കല്യാണം ഒക്കെ കഴിഞ്ഞോ?" ന്ന്..  

യൂത്ത്‌ ഫെസ്റ്റിവലിന് ഡാന്‍സ് പ്രോഗ്രാമ്മിനു  തട്ടില്‍ കേറി നാണം കെട്ടിറങ്ങിയപ്പോള്‍  വായില്‍ വിരലിട്ടു ഉച്ചസ്ഥായിയില്‍ കൂക്കി വിളിച്ചു കോറസ് കൂക്കാന്‍ ആളെ കൂട്ടിയത്    ഈ ആസാമിയായിരുന്നു.. അങ്ങനെ പിടിക്കപ്പെടാതെ ആ അധ്യയന വര്‍ഷം നാരായണസ്വാമി കുറെ പേരുടെ ചമ്മന്തി അടിച്ചു മാറ്റി.. കൂടുതലും  എന്‍റെതായിരുന്നു.. 

അക്കൊല്ലത്തെ അധ്യയന വര്‍ഷം അവസാനിച്ചു. ഞാനടക്കം എല്ലാവര്ക്കും അടുത്ത  സ്റ്റാന്‍ഡേര്‍ഡിലേക്ക്    പ്രമോഷന്‍ ആയി.. ഓരോ  വര്‍ഷവും രണ്ടു കൊല്ലം വീതം എന്ന കണക്കനുസരിച്ച് നാരായണസ്വാമിക്ക് അക്കൊല്ലം അവിടെ തന്നെ തുടരേണ്ടി വന്നു..  സാമിയുടെ അംഗരക്ഷകര്‍ ആയി പഠിത്തത്തില്‍ ഉഴപ്പിയ പെന്‍സില്‍ മാര്‍ക്ക്‌ അപ്പുവും  ചട്ടുകാലന്‍ ചെന്താമരാക്ഷനും ആ കൊല്ലം തോറ്റു.. അതിനാല്‍ സാമിക്ക് പുതിയ തോഴരെ  തേടേണ്ടി വന്നില്ല..

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു.. ചമ്മന്തി കാണുമ്പോള്‍  മാത്രം നാരായണസ്വാമിയുടെ കുസൃതി തുളുമ്പുന്ന കള്ള നോട്ടവും ചുണ്ടില്‍ വിരിയുന്ന കള്ളച്ചിരിയും    പിച്ചള  ചോറ്റു പാത്രവും  സാമി ഉരുട്ടി വെച്ച ഉരുളയും ഒക്കെ ഓര്‍മ്മ വരും.. 

അഞ്ചാറു വര്‍ഷം മുമ്പ് നാട്ടില്‍ പോയപ്പോള്‍  പഴയൊരു കൂട്ടുകാരിയെ കണ്ടു മുട്ടി.. സംസാരത്തിനിടയില്‍ നാരായണസ്വാമിയുടെ കാര്യം വന്നു..  സാമി ഇപ്പോള്‍ മിലിട്ടറിയില്‍  ആണത്രേ.. കേട്ടപ്പോള്‍ സന്തോഷം തോന്നി..  കുടുംബം ഒക്കെ ആയെന്നാണ്  അറിഞ്ഞത്.. 

ചമ്മന്തിയും കട്ട് തിന്നു, വേലത്തരങ്ങള്‍ കാണിച്ചു നടന്ന അന്നത്തെ  വികൃതി ചെക്കന്‍  ഇന്ന് ഭാരതാംബയുടെ രക്ഷക്കായി  കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍ ആയിരിക്കുന്നു.. ധീര ജവാനായ ഒരു സതീര്‍ത്ഥ്യനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.. എന്നെങ്കിലും നേരില്‍ കാണാന്‍ ഭാഗ്യമുണ്ടാവുമ്പോള്‍ ഒരുപക്ഷെ പരസ്പരം തിരിച്ചറിയില്ലായിരിക്കും.. എങ്കിലും ആ കള്ളനോട്ടവും ചുണ്ടിലെ കുസൃതി ചിരിയും  കൊണ്ട് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞേക്കും.. "ചമ്മന്തിക്കള്ളാ" എന്ന വിളി കേള്‍ക്കുമ്പോള്‍ നീയും എന്നെ തിരിച്ചറിയും..  തീര്‍ച്ച..  

രാജ്യസ്നേഹികളായ  എല്ലാ ധീര ജവാന്മാര്‍ക്കും  എന്റെ അഭിവാദ്യങ്ങള്‍..  !!!!


- പത്മശ്രീ നായര്‍ -


പ്രണയം.. ഒരു നിര്‍വചനം..

 കാലഭേദമില്ലാതെ, പ്രായഭേദമില്ലാതെ പ്രണയിക്കുകയും, നഷ്ടപ്രണയം 

പ്രിയമായും പ്രാണനായും ഹൃദയതളികയില്‍ പൂവിട്ടു പൂജിച്ചു കൊണ്ട് 

നടക്കുന്ന തരളിതഹൃദയര്‍ക്ക് സമര്‍പ്പണം.. 
----------------------------------------------------------------------------------

ഇരു ഹൃദയങ്ങള്‍ ഇഴുകിചേരുന്നതാണ് പ്രണയം..

മൂന്നാമതൊരാള്‍ക്ക് വിശദീകരിച്ചുകൊടുക്കാനാവാത്ത എന്തോ ഒന്നാണത്..

വാക്കുകളാല്‍ പകര്‍ത്താനാവാത്ത അനുഭൂതിയാണത്.. 

പെയ്തു തീരാത്ത പുതുമഴയായും പൂതി മാറാത്ത നറുവസന്തമായും 

ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടക്കുന്ന സുഖമുള്ള, നോവുള്ള സാന്ത്വനം .
പകരുമ്പോഴും നുകരുമ്പോഴും മനസ്സിന്‍റെ അഗാധതലങ്ങളില്‍ അനുഭവിക്കുന്ന 

ആനന്ദമാണ് പ്രണയം.. ഓരോ വാക്കിലും നോക്കിലും ശ്വാസോച്ഛ്വാസത്തിലും 

പുഞ്ചിരിയിലും രണ്ടാള്‍ക്കു മാത്രമറിയുന്ന അര്‍ത്ഥങ്ങള്‍ ഒളിച്ചു വെക്കുന്ന 

ചങ്ങാത്തമാണ് പ്രണയം.. എത്ര കേട്ടാലും കണ്ടാലും ആര്‍ത്തിയടങ്ങാത്ത, 

മനസ്സിന്‍റെ തന്ത്രികളില്‍ ഓരോ നിമിഷവും പുതിയ ഈണങ്ങള്‍ വിടരുന്ന 

അപൂര്‍വ്വരാഗമാണ് പ്രണയം..

കണ്ണുകള്‍ കണ്ണുകളോടു വിട പറഞ്ഞാലും, ദേഹം ദേഹത്തോട് വിട 

പറഞ്ഞാലും യാത്ര പറഞ്ഞു പിരിയാനാകാത്ത, പ്രാണനെക്കാള്‍ പ്രിയമായ, 

പ്രിയമുള്ളതെല്ലാം പരസ്പരം പണയം വെക്കുന്ന  പ്രിയത്തില്‍ നിന്നും 

പ്രാണനില്‍ നിന്നും പണയത്തില്‍ നിന്നും കടംകൊണ്ട അനശ്വരപദം.... 

                                               പ്രണയം..!!!